ജൂൺ 5 - ലോക പരിസ്ഥിതി ദിനം - പറക്കോട് ബ്ലോക്ക് പഞ്ചായത്ത് തല പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു
June 22, 2026
പറക്കോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ശ്രദ്ധേയമായി. പരിപാടി ബഹു. അടൂർ എം.എൽ.എ അഡ്വ. സി.വി. ശാന്തകുമാർ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ഞാവൽതൈ നട്ട് ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ആഗോള പാരിസ്ഥിതിക സന്തുലനവും കാലാവസ്ഥാ സുസ്ഥിരതയും ഉറപ്പാക്കുന്നതിനായി പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം അനിവാര്യമാണെന്ന് പറഞ്ഞു. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമാക്കി മുന്നേറുകയും വരുംതലമുറയ്ക്ക് മികച്ചൊരു നാളെയൊരുക്കുന്നതിനായി എല്ലാവരും ഒറ്റമനസ്സോടെ പ്രവർത്തിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബിനിലാൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശ്രീ പി.കെ. മുരളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ അജികുമാർ രണ്ടാംകുറ്റി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശോഭന കുഞ്ഞുകുഞ്ഞ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലാലി സുദർശനൻ എന്നിവർ ആശംസകൾ നേർന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീ സുനിൽ പള്ളിക്കൽ, ശ്രീ അരുൺ പി.എസ്., ശ്രീമതി ശ്രീദേവി ബാലകൃഷ്ണൻ, ശ്രീ ടി.ഡി. സജി, ശ്രീമതി എൽ. ഉഷാകുമാരി, ശ്രീ സുരേഷ് കുഴുവേലിൽ, ജോയിന്റ് ബി.ഡി.ഒ. ശ്രീ എസ്.കെ. സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പൊതുസമൂഹത്തിലേക്ക് എത്തിക്കുക, വൃക്ഷത്തൈ നട്ടുപിടിപ്പിക്കുന്നതിലൂടെ ഹരിതവൽക്കരണം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജീവനക്കാരും പങ്കെടുത്ത ചടങ്ങ് പരിസ്ഥിതി സംരക്ഷണത്തിനുള്ള ശക്തമായ സന്ദേശം സമൂഹത്തിന് നൽകി.